ഈ ബ്ലോഗ് തിരയൂ

2011, ഡിസംബർ 6, ചൊവ്വാഴ്ച

കുറേ താരങ്ങളും ബുദ്ധിജീവികളും, പിന്നെ പാവം മനുഷ്യരും.....


                                   മുല്ലപ്പെരിയാര്‍ ആശങ്കകള്‍ ആളിപ്പടരുന്ന  പ്രതിഷേധമായി കേരളത്തില്‍ അങ്ങോളം ഇങ്ങോളം ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. രാഷ്ട്രീയക്കാരന്റെ പൊറാട്ട് നാടകങ്ങള്‍ ഉപവാസം, നിരാഹാരം പിന്നെ ചങ്ങല എന്നപേരിലെല്ലാം അരങ്ങു കൊഴുപ്പിക്കുന്നു എങ്കിലും, സാധാരണക്കാരന്റെ ഉറക്കം കളഞ്ഞ രാവുകള്‍, മാധ്യമങ്ങള്‍ അവനു സമ്മാനിച്ച പേക്കിനാവുകള്‍, രാത്രിയില്‍ സ്വന്തം കുഞ്ഞുങ്ങളെ അടക്കിപ്പിടിച്ചു വെളിയിലേക്ക് ഓടിയിറങ്ങി മരണത്തിന്റെ ഇരമ്പലിനായി കാതോര്‍ക്കുന്ന അമ്മമാരുടെ ചുടുനിശ്വാസങ്ങള്‍, ഇവ അവസാനിക്കുന്നില്ല. വള്ളക്കടവിലും, ചപ്പാതിലും ഉപ്പുതറയിലും ആരും കാണാതെ പോയ ഒരു പ്രതിഷേധത്തിന്റെ ദിനങ്ങള്‍ ഉണ്ടായിരുന്നു, 1868 ദിവസങ്ങള്‍, ഒരു രാഷ്ട്രീയക്കാരന്റെയും പിന്തുണ പറ്റാതെ, കമ്പ്യൂട്ടര്‍ വലയന്മാരുടെ കമന്റ്‌ ഇല്ലാതെ അവര്‍ നടത്തിയ ഒരു സമരം, അന്ന് ആരും, ഈ വി.എസോ, ഉമ്മന്‍ ചാണ്ടിയോ, മാണി സാറോ കാണുവാന്‍ ശ്രമിച്ചില്ല. ഒരു മത മേലാളന്മാരും അവര്‍ക്ക് സ്തുതി പാടിയില്ല. ഇന്ന് എന്തിന്റെ പേരില്‍ ആയാലും എല്ലാവരെയും കാണുമ്പോള്‍ ആ മുഖങ്ങളില്‍ നിറയുന്നത് പരിഹാസ്യം നിറഞ്ഞ ചിരി മാത്രം. ജീവന് വേണ്ടിയുള്ള അവസാനത്തെ കേഴല്‍ മാത്രമായി ആ ചിരി പടരുമ്പോള്‍, അവര്‍ സ്വയം പ്രതിരോധിക്കുവാന്‍ തയ്യാറെടുക്കുന്നു. ഇന്ന് അവര്‍ക്ക് ഞാനുള്‍പ്പെടെയുള്ള പൊതു സമൂഹം നല്‍കിയിരിക്കുന്ന പിന്തുണയെ അവര്‍ തള്ളിപ്പറയുന്നില്ല. എങ്കിലും അവര്‍ സ്വയം തീര്‍ത്ത അല്ലെങ്കില്‍ തീര്‍ക്കുന്ന പ്രതിരോധം ആയുധം എടുക്കുമ്പോള്‍ തീര്‍ത്തും ക്രമസമാധാന പ്രശ്നം ആകുന്നു താനും, ഇന്നലെ കുമളിയില്‍ കണ്ടത് ഇത്തരം പ്രതിഷേധം ആണ്. ഒരു ജനത, അവനു സംരക്ഷണം നല്‍കേണ്ട ഒരു സര്‍ക്കാരില്‍ നിന്നും  പ്രതീക്ഷിക്കുന്ന സുരക്ഷ ലഭിക്കില്ല എന്ന് തീര്‍ത്തു ബോധ്യമാവുംപോള്‍, നിലനില്‍പ്പിനായി ആയുധമേന്തും എന്ന കാഴ്ച! കടിക്കാത്ത പട്ടിയെ കടിപ്പിച്ചേ അടങ്ങൂ എന്ന് വച്ചാലോ? ഈ വഴികളില്‍ ഞാന്‍ ഇന്നലെ നടത്തിയ യാത്രകളില്‍ നിന്നും എനിക്ക് കിട്ടിയ അനുഭവം മാത്രം ആണ് ഇത്.
                                പൊതു സമൂഹത്തിന്റെ സമരോല്സുകതയെ ഞാന്‍ വാനോളം പുകഴ്ത്തുന്നു. വ്യക്തിപരമായി രാഷ്ട്രീയക്കാര്‍ നടത്തുന്ന സമരങ്ങളെ ഇകഴ്തുന്നും ഇല്ല. വ്യത്യസ്തമായി ശ്രദ്ദയില്പ്പെട്ട ഒന്ന് മാത്രം പറയാം. ഈ സമരത്തിലെ സാമ്സ്ക്കാരീക നായകന്മാരുടെ ഭീമമായ പങ്ക്. ശ്വാസം വിട്ടു പണമുണ്ടാക്കുന്ന ഗുരുക്കന്മാരുടെ പങ്ക്, അടക്കിപിടിച്ചു ദുഖം മാറ്റുന്ന അമ്മദൈവങ്ങളുടെ പങ്ക്, ഉച്ചത്തില്‍ വിളിച്ചു കൂവി ദൈവത്തിനു പോലും ഇരിക്ക പൊറുതി കൊടുക്കാത്ത സഹോദരന്മാരുടെ പങ്ക്, സത്യം ഈ പിന്തുണ ഭയങ്കരം!  

                                മലയാളത്തിലെ എണ്ണം പറഞ്ഞ രണ്ടു താരങ്ങള്‍, താരങ്ങള്‍ എന്ന് വിളിച്ചാല്‍ കുറച്ചിലാകും, അതിന്മേലെയാണ് അവരുടെ സ്ഥാനം എന്ന് വെയ്പ്പ്! പാശ്ചാത്യ രാജ്യങ്ങളില്‍ സാംസ്കാരീക നായകന്മാര്‍ എന്ന ഗണത്തില്‍ പെടുന്നവരുടെ നായകത്വത്തില്‍ ആകും ജനകീയ മുന്നേറ്റങ്ങള്‍, എന്തിനു, ഇന്ത്യയില്‍ വരെ, അങ്ങ് ബെന്ഗാളില്‍, മഹാശ്വേതാ ദേവിയല്ലേ സിന്ഗൂര്‍ സമരം പോലിപ്പിച്ചത്! ഇവിടെ ഈ കേരളത്തില്‍ മുല്ലപ്പെരിയാര്‍ എന്ന ഒരു ഡാം ഉണ്ടോ എന്ന് ആശ്ചര്യം കൂറുകയാണ് നമ്മുടെ പ്രിയങ്കരായ മമ്മൂട്ടിയും മോഹന്‍ലാലും! പിന്നെ ഞാന്‍ പറഞ്ഞ ഗണത്തില്‍ പെട്ട ദൈവങ്ങളും, അക്ഷര പിശാചുകളും. ജനകീയവല്‍ക്കരിക്കപ്പെട്ട ഒരു കല എന്ന അര്‍ത്ഥത്തില്‍ നടന്മാര്‍ ഈ സമരത്തിലേക്ക് വന്നിരുന്നു എങ്കില്‍ എന്ന് ഞാന്‍ വെറുതെ ആഗ്രഹിച്ചു പോയി! ഇന്‍കം ടാക്സ് അധികൃതര്‍ കയറി മേഞ്ഞപ്പോള്‍, ഇവരുടെ ഫാന്‍സ്‌ എന്ന് പറയുന്ന വര്‍ഗത്തിന് നൊന്തു. എന്തൊരു ബഹളമായിരുന്നു? ഇപ്പോള്‍ ഈ ഫാന്‍സും നായകന്മാരും എവിടെയാണോ എന്തോ? ഇന്നലെ സിനിമാക്കാര്‍ എല്ലാവരും കൂടി ദീപം തെളിയിച്ചു ശപഥം ചെയ്തപ്പോളും ഈ പറഞ്ഞ മഹാന്മാര്‍ എവിടെപ്പോയി എന്നത് ഒരു സാധാരണക്കാരന്റെ സംശയം. ഇവര്‍ക്കെന്തേ പേടിയാണോ തമിഴന്മാരെ? ഓഷോയെ കുറിച്ച്  പുസ്തകം എഴുതുന്ന മോഹന്‍ലാലിനു മുല്ലപ്പെരിയാര്‍ ഒരു സ്വാധീനം ആയില്ല എന്നുണ്ടോ! മികച്ച ക്യമെരകളില്‍ മികച്ച ചിത്രം എടുക്കുന്ന മമ്മൂട്ടിക്ക് ഇതൊരു നല്ല ഫ്രെയിം അല്ല എന്ന് തോന്നിയോ! എന്തായാലും ഈ നിശബ്ദത ഒരു കാരണവശാലും മലയാളി അംഗീകരിച്ചു തരില്ല താരങ്ങളെ.!!! 

                                പ്രകൃതിയെ തൊട്ടു കളിച്ചാല്‍ അവിടെയുണ്ട് മേധാ! കൂട്ടിനു അരുന്ദതിയും, പക്ഷെ മനുഷ്യ ജീവന്റെ ആശങ്കക്ക് ഇവര്‍ക്കും ശങ്കയില്ല! എന്താ ഇപ്പോള്‍ ഇതിങ്ങനെ? എത്ര ആലോചിച്ചിട്ടും പിടി കിട്ടാത്ത വിഷയം. കാശ്മീരിലെ ചൂഷണം  ചെയ്യപ്പെടുന്ന പെന്കിടാങ്ങല്‍ക്കുവേണ്ടി കണ്ണുനീര്‍ തൂകുന്ന അരുന്ധതി, ചപ്പാതിലെ മൂക്കില്‍ നിന്നും സ്രവം തൂകുന്ന അര്‍ദ്ധവസ്ത്രക്കാരായ കുഞ്ഞുങ്ങളെ കണ്ടില്ലെന്നു വരുമോ? കൂടംകുളത്തെ സമരത്തിന്‌ ഐക്യദാര്‍ത്യം പ്രഖ്യാപിച്ച മേധാ പട്കര്‍ ഇവിടെയില്ലേ? ഇവര്‍ക്കൊക്കെ ആരോടാണ് സ്നേഹം? ഇവര്‍ക്കൊക്കെ എന്തിനോടാണ്‌ ഐക്യദാര്‍ത്യം? തൊലി വെളുപ്പുള്ള കാഷ്മീരികള്‍ മാത്രം ആണോ ഇവര്കൂ മനുഷ്യര്‍ ആയുള്ളതു? അല്ലെങ്കില്‍ സ്കൂളിന്റെ പടി കാണാത്ത നോര്‍ത്ത് ഇന്ത്യന്‍ ഗ്രാമീണര്‍ മാത്രമാണോ മനുഷ്യര്‍? ഇതിനുത്തരം ഇതാകാം! നേരാ!!! അരുന്ധതി മലയാളി സ്കൂളില്‍ പോയിട്ടുണ്ട്.....നിങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ആ ബൌദ്ധികത ഉണ്ടല്ലോ, അതിനു നേരെ ഞങ്ങള്‍ ഈ മലയാളികള്‍ കാര്‍ക്കിച്ചു തുപ്പി പോകുന്നു.
                           ആഹാ, അടുത്ത വര്‍ഗം. ദൈവങ്ങള്‍, അല്ലെങ്കില്‍ ആ സ്ഥാനത്തേക്ക് സ്വയം അവരോധിച്ചവര്‍. " മക്കളെ നിങ്ങള്‍ സ്വസ്ഥരാകൂ ഭൂമി കുലുങ്ങട്ടെ, ഒക്കെ ഇല്ലാതാവട്ടെ, അപ്പോള്‍ നിങ്ങള്ക്ക് ഞാന്‍, അല്ലെങ്കില്‍ ഞങ്ങള്‍ യൂറോപ്പില്‍ നിന്നും സംഭാവന വരുന്ന മുറക്ക് വീടുകള്‍ വച്ച് തരില്ലേ, സമാധാനം ആയില്ലേ!" പ്രാര്‍ഥനാ യോഗങ്ങളുടെ പേരിലും, ചാരിറ്റി എന്ന കള്ളപ്പേരിലും ഇവര്‍ നടത്തുന്ന വ്യവസായത്തോട് ഇന്നേ വരെ മലയാളി അതൃപ്തി പ്രകടിപ്പിച്ചിട്ടില്ല, എന്നാല്‍ മുകളില്‍ ഞങ്ങള്‍ നല്‍കിയ സമ്മാനം ചിലപ്പോള്‍ നിങ്ങള്‍ക്കും കിട്ടിയേക്കാം!
                          എന്ത് എഴുതിയാലും പറഞ്ഞാലും ഫലമില്ല! എന്ന് അറിയുകയും ചെയ്യാം, എങ്കിലും ഒരു മലയാളി, എല്ലാം സഹിക്കേണ്ടി വരുന്ന, പ്രത്യേകിച്ച് മുകളില്‍ പറഞ്ഞ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ഒക്കെയാകുംപോള്‍ എഴുതിപ്പോകുന്നതാണ് , ക്ഷമിക്കുക!

2011, ഓഗസ്റ്റ് 31, ബുധനാഴ്‌ച

പീഡനപര്‍വ്വങ്ങള്‍ കയ്യടക്കിയ ദൈവരാജ്യം.


                                        ആദിയില്‍ വിലക്കപ്പെട്ട കനി തിന്ന നിസ്സാരനായ മനുഷ്യന്‍ കടുത്ത ശാപവും പേറി ജീവിതം ആരംഭിക്കുമ്പോള്‍ ലൈന്ഗികത അവനു ഭൂമിയിലെ അവന്റെ ജീനുകളുടെ പുനര്‍ അവതാരത്തിന് വേണ്ടിയായിരുന്നു. പിന്നീട് എണ്ണത്തില്‍ പെരുകിയപ്പോള്‍ അസ്ഥിത്വതിനും അധികാരത്തിനും വേണ്ടി അവന്‍ പെണ്ണിന് വേണ്ടി ഏറ്റുമുട്ടല്‍ ആരംഭിച്ചു. ക്ലിയോപാട്ര എന്ന സുന്ദരി തകര്‍ത്ത സാമ്രാജ്യങ്ങള്‍ അനവധിയല്ലേ? പക്ഷെ അക്കാലത്ത് സമൂഹത്തില്‍ സ്ത്രീ അര്‍ഹിച്ചിരുന്ന പ്രാധാന്യം പുരുഷന് കിട്ടിയിരുന്നില്ല. യൂറോപ്യന്‍ സാമ്രാജ്യങ്ങള്‍ അന്നും കറുത്ത വര്‍ഗക്കാരെ അടിമകളാക്കി, അവരിലെ സ്ത്രീമാംസം  വിലപറഞ്ഞു കടിച്ചു ചീന്തുവാന്‍ മത്സരിച്ചിരുന്നു. ഇന്ത്യ പോലെയുള്ള ഒരു മഹാരാജ്യത്തില്‍ സ്ത്രീവര്‍ഗം വിലപ്പെട്ട ഒന്നായിരുന്നു. ഇതിനു അപവാദമായി കേരളത്തിലും അന്ന് കുറച്ചു ജന്മിമാരുടെ അധീശത്വം അടിയാള സ്ത്രീകളുടെ  മാനത്തിന് വില പറഞ്ഞിരുന്നു എന്നതും ഒരു യാദാര്‍ത്ഥ്യം. ആഗോളീകരണം നമ്മുടെ കൊച്ചു കേരളത്തെ ഉപഭോഗസംസ്കാരത്തിലേക്ക് വലിച്ചടുപ്പിച്ചപ്പോള്‍ സ്ത്രീശരീരങ്ങളുടെ നിമ്നോന്നതങ്ങള്‍ ടെലിവിഷന്‍ കാഴ്ചകളില്‍ പരസ്യങ്ങളായി നിറഞ്ഞപ്പോള്‍, മലയാളി ആദ്യം ഒന്ന് പകച്ചു. കുടുംബവേദിയില്‍ കടന്നു വരുന്ന ഇത്തരം പരസ്യങ്ങള്‍ അവനെ അല്ലെങ്കില്‍ അവളെ ഒരു പരിധി വരെയെങ്കിലും ലജ്ജിപ്പിച്ചിരുന്നു. മകന്റെയോ മകളുടെയോ കണ്ണുകള്‍ പൊത്തുവാന്‍ അല്ലെങ്കില്‍ ടെലിവിഷന്‍ നിര്തുവാനോ  അവന്‍ കൈ പൊന്തിച്ചിരുന്നു എന്നത് അശ്ലീലതയോടുള്ള അവന്റെ വെറുപ്പ്‌ വെളിവാക്കിയിരുന്നു. പിന്നെ പിന്നെ നിരന്തരമായ ഒരനിവാര്യതയിലേക്ക് ഇത്തരം പരസ്യങ്ങള്‍ അവനെ കൊണ്ട് ചെന്നെത്തിച്ചു. മുപ്പത്തിയാറ് വയസ്സുള്ള ഞാന്‍ ആദ്യമായി സ്ത്രീയെകുറിച്ചും മറ്റും പഠിക്കുന്നത് ഒന്‍പതാം ക്ലാസില്‍ ആയിരുന്നു, (പതിന്നാലു വയസ്സില്‍). ആണ്‍കുട്ടികള്‍ മാത്രമുള്ള ക്ലാസ്സില്‍ ക്ലാസ്സ്‌ എടുത്ത പുരുഷ അധ്യാപകന് നേരെ നോക്കുവാന്‍ ശക്തിയില്ലാതെ ലജ്ജ കൊണ്ട് ഞങ്ങള്‍ മുഖം കുനിച്ചിരുന്നത്‌ ഇന്നും ഞാന്‍ ഓര്‍ക്കുന്നു. ഇത് ഞാന്‍ എഴുതുമ്പോള്‍ അടിവസ്ത്രങ്ങളുടെ പരസ്യത്തില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും നിറഞ്ഞാടുന്നത് എന്റെ ഒന്‍പതു വയസ്സായ മൂത്ത മകനോടൊപ്പം എന്റെ കണ്ണുകളും പങ്കു വെയ്ക്കുന്നു, എന്റെ കൈകള്‍ പൊന്തുന്നില്ല അവന്റെ കണ്ണുകള്‍ക്ക്‌  നേരെ! ലജ്ജ കൊണ്ട് അവന്റെ മുഖവും കുനിയുന്നില്ല! ആവിഷ്കാര സ്വാതന്ത്ര്യം ഇത്തരം പരസ്യങ്ങളെ നമ്മിലെക്കെതിക്കുമ്പോള്‍ ലജ്ജിക്കുവാന്‍ നമുക്ക് എവിടെ സമയം? പറഞ്ഞു പറഞ്ഞു കാട് കയറുന്നു എന്ന് തോന്നുന്നു. സ്ത്രീ എന്ന് മുതല്‍ ആണ് പുരുഷന്റെ ഉപഭോഗ വസ്തു ആയി പൂര്‍ണമായി മാറിയത്? കാലം എന്നാണു അവളെ അടിയറ പറയുവാന്‍ പഠിപ്പിച്ചത്? ഇതിനുത്തരം ചിലപ്പോള്‍ ഉല്പത്തി വരെ നീണ്ടേക്കാം, എങ്കിലും ശരീരഖടന അവനെയും അവളെയും വ്യത്യാസം കല്‍പ്പിച്ചു മാറ്റി നിര്‍ത്തുമ്പോള്‍ ബുദ്ധിയുടെയും ചിന്താശേഷിയുടെയും കാര്യത്തില്‍ ഈ ശരീരങ്ങള്‍ തമ്മില്‍ വ്യത്യാസം തീരെ ഇല്ല എന്ന് ശാസ്ത്രം നമ്മെ പഠിപ്പിച്ചു. ആധുനീക  യുഗം എലെകട്രോനിക്സ് ഉത്പന്നങ്ങള്‍ പടച്ചപ്പോള്‍ സി.ഡി ആയും , ഇന്റര്‍നെറ്റ്‌ ലൂടെയും രതിവൈക്രുതങ്ങള്‍ നിറഞ്ഞ കാഴ്ചകള്‍ മൂന്നാം ലോക രാജ്യക്കാരന്റെ കണ്ണുകളെ ഭ്രമിപ്പിച്ചു.  ഇത്തരം നിറവൈകൃതം രതിയെ തെറ്റായ ധാരണ ചേര്‍ത്ത് പിടിച്ചു സ്ത്രീയുടെ ശരീരത്തില്‍  പ്രയോഗിക്കുവാന്‍ അവന്‍ വെമ്പി. ഇത്തരം പൈശാചിക തിടുക്കങ്ങള്‍ ആകാം നമ്മുടെ ഈ കൊച്ചു കേരളത്തെ പീഡനങ്ങളുടെ സ്വന്തം അളം ആക്കി മാറ്റിയത്.
                                                        അച്ഛനും  മകുളുമായുള്ള പവിത്രബന്ധം ഏതറ്റം വരെ ശിധിലമാക്കാം, എന്ന പീടനകഥ നാം വായിച്ചത് പാശ്ചാത്യ മാധ്യമങ്ങളില്‍ അല്ല, ഈ നാട്ടില്‍, ദൈവത്തിന്റെ സ്വന്തം നാട്ടില്‍. സ്വത്വം നഷ്ടപ്പെട്ട സ്വന്തം പെണ്‍കുഞ്ഞിനെ, അവളുടെ പച്ച മാംസതിലെക്കു കാമവെരിയുടെ കുന്തമുന കയറ്റിയ ആ അച്ഛന്‍ മലയാളിക്ക് മാത്രം അവകാശപ്പെട്ടവന്‍. മണ്ണപ്പം ചുട്ടു കളിച്ച കളിക്കൂട്ടുകാരി ആയ നാല് വയസ്സ് കാരിയെ പീഡിപ്പിച്ചു കൊന്നത് വെറും ഒന്‍പതുകാരന്‍! അതും ഈ നാട്ടില്‍. സായിപ്പന്മാരെ ആകര്‍ഷിക്കുവാന്‍ ടൂറിസം വളര്‍ത്തുന്ന സര്‍ക്കാര്‍ മെഷീനറി  സ്ഥാപിച്ച കായല്‍ ടൂറിസങ്ങളില്‍, കെട്ടുവള്ളങ്ങളില്‍ അഴിയുന്നത് നമ്മുടെ സഹോദരിമാരുടെ ചേലകള്‍. മടിക്കുത്തില്‍ ആദ്യം പിടിക്കുന്ന ദുശാസനന്മാര്‍ നാറിയ രാഷ്ട്രീയക്കാരും. കൊള്ളാം, ദൈവമേ താങ്കളുടെ സ്വന്തം നാടിന്റെ ഗതി കാണുന്നില്ലേ? അതോ ലജ്ജിച്ചു തല താഴ്തുന്നതോ? 
                                                         2008-2009 ഇല്‍ 568 ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തപ്പോള്‍ 2010 ഇല്‍ എണ്ണം 634 ആയി. 2011 ജൂണ്‍ വരെ മാത്രം 546 , ഇനി സമയം ഉണ്ടല്ലോ, ഈ കണക്കില്‍ ഗണ്യമായ ഒരു വര്‍ധനവ്‌ തന്നെ പ്രതീക്ഷിക്കാം. പതിന്നാലുകാരിയെ വില പറഞ്ഞു വില്‍ക്കുന്ന കേരളം, എഴുപതുവയസ്സുകാരിയെ പീഡിപ്പിച്ചു യാത്ര നല്‍കുന്ന കേരളം, ചരക്കു കച്ചവടം പോലെ മാംസ വാണിഭം കൊഴുപ്പിക്കുന്ന കേരളം. വിവേകാനന്ദന്‍ ഇന്നിവിടെ വന്നിരുന്നുവെങ്കില്‍ കേരളം അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ എന്താവും? 
                                                       സംമ്രാജ്യത്വം അടിച്ചേല്‍പ്പിച്ച ഉപഭോഗ സംസ്ക്കാരം ഉണ്ടാകിയെടുത്ത ആര്‍ത്തി,  കുറഞ്ഞ ശതമാനം പെണ്‍കുട്ടികളെ ഇതില്‍ കൊണ്ടെത്തിക്കുന്നു എന്ന് പറയുന്നതിലും അതിശയോക്തി തീരെ ഇല്ല. ദുര്‍ഗന്ധം നിറഞ്ഞ മാലിന്യങ്ങളുടെ സ്വന്തം നാടായി നമ്മുടെ കേരളം മാറിക്കഴിഞ്ഞിരിക്കുന്നു. രാഷ്ട്രീയ നപുംസകങ്ങള്‍ ഇതിനെതിരെ പ്രവര്‍ത്തിക്കും എന്ന തോന്നല്‍ എനിക്കില്ല. യുവാക്കളുടെ ശക്തമായ ഒരു കൂട്ടായ്മക്ക് ഇത്തരം അരാജക വാദികളെ നിലക്ക് നിര്‍ത്തുവാന്‍ സാധിക്കും എന്ന നേരിയ പ്രത്യാശയോടെ നിര്ത്തുന്നു...

2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

മുരുകന്റെ നോവക്ഷരങ്ങള്‍


അക്ഷരങ്ങള്‍ എന്നും ഒരു ദൌര്‍ബല്യമായിരുന്നു. അവയുടെ ശരിയായ വിന്യാസം കൊണ്ട് എന്നില്‍ അത്ഭുതം കൂറിക്കുവാന്‍ എന്റെ പ്രിയപ്പെട്ട എഴുത്തുകാര്‍ക്ക് എന്നും കഴിഞ്ഞിരുന്നു. സ്കൂള്‍-കോളജ് സമയത്തൊക്കെ രാത്രികളില്‍ കൂട്ടായിരുന്നവര്‍ അവര്‍ ആണ്, അവ എനിക്ക് പ്രേമവും സ്വപ്നവും തന്നു. പിന്നീട് എപ്പോഴോ ജീവിതനൈരന്തര്യത്തില്‍ ഓട്ടം തുടങ്ങിയപ്പോഴും ഇടയ്ക്കിടയ്ക്ക് എത്തി നോക്കുന്നവര്‍ മാത്രമായി അവര്‍. ഔദ്യോഗിഗകമായി കണക്കു പരിശോധകന്‍ എന്ന നിലയില്‍ ഓഫീസുകള്‍ തോറും യാത്ര ചെയ്യേണ്ടി വന്നപ്പോള്‍ എവിടെ വച്ചോ എന്റെ പ്രിയപ്പെട്ടവരുടെ അക്ഷരക്കൂട്ടുകള്‍ ശബ്ദ വിന്യാസമായി എന്റെ ചെവിയെലെത്തിക്കുവാന്‍ എന്റെ പ്രിയപ്പെട്ട വോക്മനു സാധിച്ചു. പുലര്‍ച്ചെയുള്ള ഒരു യാത്രയില്‍ എന്റെ വോക്മാന്‍ എന്നിലെക്കെത്തിച്ചത് മുരുകന്‍ കാട്ടാക്കട യുടെ കവിതകളാണ്, ആ ശബ്ദം എന്നിലെ എന്നെ ഏതു തലത്തിലെത്തിക്കുവാന്‍ കഴിഞ്ഞു എന്നുള്ളത് മാത്രമാണ് ഇവിടെ ഞാന്‍ എഴുതുന്നത്‌.
ഉണരാത്ത പത്മതീര്തങ്ങള്‍ :- ഒരു ഭ്രാന്തന്റെ ജടിലമായ പ്രവര്‍ത്തിയെ, ഒരു കൊലപാതകത്തെ, പത്മതീര്‍ത്ഥ കുളത്തില്‍ ബോധം മറഞ്ഞ നിഷ്കളങ്കചിത്തന്‍ ചെയ്തു പോയ ഒരു കൊലപാതകം.
കരിമ്പട്ടു ചുറ്റി ഭൂമിയെ നോക്കുവാന്‍ പേടിക്കുന്ന സൂര്യന്‍, കത്തി ജ്വലിക്കുവാന്‍ മടിക്കുന്ന സൂര്യന്‍, താഴെ പത്മതീര്‍ത്ഥ കുളത്തിലേക്ക് നോക്കെറിയുന്ന ഒരു പറ്റം മനുഷ്യര്‍, കൂടെ എന്റെ കവിയും. പത്മമില്ലാത്ത, തീര്തപുന്യം ഇല്ലാത്ത വെറും വശ്യാങ്ങിയുടെ ജഡം പോലെ ജലം. ഞാന്‍ ആദ്യം പറഞ്ഞ ആ ഭ്രാന്തന്‍ പ്രിയ കവിക്ക്‌ ബോധ വീണ കമ്പി പൊട്ടിയവന്‍ ആണ്, വരരുചി പുത്രന്റെ പിന്മുരക്കാരന്‍, ആ വരികളില്‍ ആധുനിക കവികളില്‍ കാണാത്ത തലത്തിലുള്ള ഉപമ ശ്രീ. മുരുകനെ എന്റെ പ്രിയപ്പെട്ടവനാക്കുന്നു, തീര്‍ച്ച. പിന്നീട് ഉള്ള വരകള്‍ ലാളിത്യത്ത്തിലൂടെ വര്ച്ചുകാട്ടുവാന്‍ എന്റെ പ്രിയ കവിക്കാകുന്നു, തന്നെ സഹായിക്കുവാന്‍ വരുന്ന കൃശഗാത്രനായ മനുഷ്യനെ ചെളിയില്‍ താഴ്ത്തി മുകളിലേക്ക് കയറിവരുന്ന ഭ്രാന്തനെ, നമുക്ക് മുന്‍പിലെ ക്രൂരനായ കൊലയാളിയെ കവി നിഷ്കളങ്കന്‍ എന്ന് വരച്ചു കാട്ടുന്നു, മലയാളിയുടെ മരവിച്ചു വീര്‍ത്ത മനസ്സുകളെ ശപിച്ചും പയ്യാരം പറഞ്ഞും നിര്‍ത്തുന്ന കവി, കവിതാന്ത്യം നമുക്ക് മുപിലേക്ക് ചിന്താഗവ്യമായി ഒരു ചോദ്യം അവശേഷിപ്പിക്കുന്നു.
"തൊടിയിലായി ഓടി കളിക്കുന്ന പൈതലേ
പടിയിലായി കണ്‍ പാര്‍ത്തിരിക്കുന്ന പത്നിയെ
പാതിയില്‍ നിര്‍ത്തിയ ജന്മ കര്മങ്ങളെ
പാടെ മരന്നുച്ച്വസിക്കാന്‍ മാത്ര കിട്ടാതെ
ചേറില്‍ പുതഞ്ഞു പാഴ്ജന്മം പൊലിഞ്ഞു പോയി"

രേണുക:- പൊളിഞ്ഞുപോയ ഒരു പ്രണയത്തിന്റെ നേര്‍കാഴ്ച, നേരിന്റെ നേര്‍കാഴ്ച.
ശക്തമായ ഭാഷയിലൂടെ പ്രിയ കവി എന്നിലെക്കെതിച്ചത്, എനിക്കെന്നോ നഷ്ടപ്പെട്ടു പോയ എന്നിലെ കാമുകനെയാണ്.
നിലാവിന്റെ നീലകടമ്പിന്‍ പരാഗ രേണുവായി പ്രിയകാമുകിയെ വിശേഷിപ്പിക്കുന്ന കവി, വേര്‍പാടിന്റെ വേളയില്‍ നഞ്ഞ മരകൊമ്പില്‍ നിന്നും താഴെക്കുവന്ന്‍ രണ്ടിലകളായി ആ ഹൃദയങ്ങളെ നമ്മില്‍ സന്നിവേശിപ്പിക്കുന്നു.
ഏതൊരു കാമുകനെയും പോലെ കവിയുടെ കാമുകഹൃദയവും മേഘശകലങ്ങള്‍ ആകുന്ന ഘനഭങ്ങികള്‍ ആയി ആ രണ്ടു ചിത്തങ്ങളെ നമ്മിലെക്കെത്തിക്കുന്നു.
" മഴവില്ല് താഴെ വീണുടയുന്ന മാനത്ത്‌
വിരഹ മേഖ ശ്യാമ ഘനഭംഗികള്‍"
എത്ര മനോഹരമായ വരികള്‍, വിരഹം എന്ന സത്യം കവിതയുടെ തുടക്കത്തില്‍ തന്നെ ഈ വരികളിലൂടെ  മുരുകന്‍ വരയ്ക്കുന്നു. വൈപര്യത്വത്തിന്റെ ദിശകളിലേക്ക് ഒഴുകി മറയുന്ന പുഴകളായി അവര്‍ . തീവ്രമായ വിരഹവേദന കലര്‍ന്ന കവിയുടെ വരികള്‍ നമ്മിലെ കാമുകനെ വീണ്ടും ആ പഴയ വാകമര തണലില്‍ എത്തിച്ചേക്കാം,
പിരിയുമ്പോള്‍ കാമുകിയുടെ ഹൃദയത്തില്‍ കാമുകന്‍ എഴുതുന്ന ജീവരക്തം കലര്‍ന്ന വാക്കുകള്‍
" ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം
ഓര്‍മിക്കണം എന്ന വാക്ക് മാത്രം"
എന്റെ മനസ്സില്‍ പതിഞ്ഞ ഈ വരികള്‍ തന്ന എന്റെ പ്രിയ കവേ, താങ്കള്‍ എന്റെ കരളു പിഴുതെടുത്തു, താങ്കള്‍ ഈ എഴുതിയ വരികള്‍ എന്നോ ഒരു കാലത്ത് ഞാനും ചോല്ലിയിട്ടുണ്ടാവും. കവിയുടെ കാമുകഹൃദയം രാത്രിയുടെ കുറുപ്പില്‍ രൂപങ്ങ്ളില്ലാത്ത കിനാക്കളായി ആ ഹൃദയങ്ങളെ മാറ്റുന്നു. പകലിന്റെ നിറം മനുഷ്യനില്‍ നിനവും നിരാശയും ഉണ്ടാക്കുന്നു എന്ന പ്രപഞ്ചസത്യം പ്രിയകവി ഇവിടെ ചാലിച്ച് ചേര്‍ക്കുന്നു.
കാമുക ഹൃദയങ്ങളുടെ കണ്ടു മുട്ടലുകള്‍ പ്രണയത്തിന്റെ തീച്ചൂട് നമ്മെ അറിയിക്കുന്നു, അത് സമ്മാനിക്കുന്ന വിരഹത്തിന്റെ പൊള്ളലില്‍ നാം വെന്തു നീറുന്നു.
" ഭ്രമമാണ് പ്രണയ, വെറും ഭ്രമം
വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടികസൌധം"
തീക്ഷ്ണമായ കവിയുടെ, എന്നോ നഷ്ടപ്പെട്ട കാമുകന്റെ ശരിയായ വിലയിരുത്തല്‍, എന്റെ കവേ , എനിക്കൊന്നു തീര്‍ച്ച, ഞാന്‍ വായിച്ച, കേട്ട ശബ്ദങ്ങളില്‍ ഇതുവരെ കഴിയാഞ്ഞത്, പിരിയേണ്ടി വരുമ്പോള്‍ ഏതു മനസ്സിലും തോന്നാവുന്ന ശരിയായ വികാരം, പ്രണയം അനുഭവിച്ചവന്‍ തിരിച്ചറിഞ്ഞ വരികള്‍.
" പകല് വറ്റി കടന്നുപോയി കാലവും
പ്രണയമൂട്ടി ചിരിപ്പു രൌദ്രങ്ങളും
പുറകിലാരോ വിളിച്ചതായി തോന്നിയോ
പ്രണയം അരുതെന്നുരഞ്ഞതായി തോന്നിയോ"
എല്ലാവരിലെയും പ്രണയത്തെ കരിച്ചു കളയുന്ന രൌദ്രങ്ങള്‍ കവി നമ്മെ ഓര്മപ്പെടുതുവാന്‍ ശ്രമിക്കുന്നു. കൈകോര്‍ത്തു, മിഴി ചേര്‍ത്ത്, മനസ്സുകള്‍ കേട്ട് പിണഞ്ഞു അന്ന് നാം കണ്ട സ്വപ്‌നങ്ങള്‍ ഇന്ന് നമ്മെ കരുവാന്‍ പഠിപ്പിക്കുന്നു. ഈ ഓര്മ എനിക്ക് തന്ന എന്റെ പ്രിയ സുഹൃത്ത്‌ കാട്ടാക്കട മുരുകനില്‍ നിന്നും ഇനിയും ഇതുപോലെയുള്ള അക്ഷര നൈവേദ്യം തീര്‍ച്ചയായും ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു കൊണ്ട്...............

2011, ഫെബ്രുവരി 6, ഞായറാഴ്‌ച

കെ.ജി.ബി. പിന്നെ ഒരു പാവം ഗോപികൃഷ്ണനും

മലയാളിയായ നമ്മുടെ ദിവസങ്ങളുടെ തുടക്കം മിക്കവാറുമൊക്കെ ദിനപത്രങ്ങളിലെ വാര്തകളിലൂടെയാണല്ലോ, അഴിമതിയുടെ ആള്‍രൂപമായി രാജാ എന്ന മന്ത്രിപുങ്കവന്‍ നിറയുമ്പോള്‍ തന്നെ മറുപുറത്ത് അതാ ശ്രീ കെ ജി ബി യും. ബാറുകളിലും ബാര്‍ബര്‍ ഷോപ്പ് കളിലും സാധാരണക്കാരനായ മലയാളിക്ക് ചര്‍ച്ച ചെയ്യുവാനുള്ളത് ഇത് മാത്രമായി മാറിയിരിക്കുന്നു. വെറുമൊരു കേസില്ല വക്കീലായ ശ്രീനിജന്‍ എന്ന കോണ്‍ഗ്രസ്‌ നേതാവ് യൂസഫലി എന്ന കേരളം കണ്ട ഏറ്റവും പ്രയത്നശാലിയായ വ്യക്തിയേക്കാള്‍ വളര്‍ച്ച പ്രാപിച്ചു അത്രേ, ഞാന്‍ ശ്രീനിജനെ ശ്രീ യൂസഫലിയുമായി താരതമ്യം ചെയ്തത് മറ്റൊന്നും കൊണ്ടല്ല, ഇതില്‍ യൂസഫലി എന്ന വ്യക്തി സ്വന്തം പ്രയത്നത്താല്‍ വ്യവസായ സാമ്രാജ്യങ്ങള്‍ വെട്ടിപിടിച്ചു എങ്കില്‍ ശ്രീനിജന്‍ നേടിയത് അദ്ധേഹത്തിന്റെ അമ്മായിയപ്പന്റെ സ്വാധീനത്തില്‍ നേടിയ കോടികളുടെ കോഴ പണത്തിന്റെ സാമ്രാജ്യമാണ്‌ . റെഡി സഹോധരന്മാരുടെയും അമ്ബാനിമാരുടെയും രാജാ എന്ന മുന്മന്ത്രിയുടെയും, എന്തിനേറെ കേരളത്തിലെ ഒരു ക്രിസ്ത്യന്‍ സഭയുടെ മേലാളന്മാരുടെയും (അഭയ കേസില്‍ നാര്‍കോ പരിശോധന നിയമ വിരുദ്ധമാണ് എന്ന വിധി പ്രസ്താവിച്ചത് ശ്രീ കെ ജി ബി ആണ്) ഒക്കെ കള്ളപ്പണം കൊണ്ടാണ് ശ്രീനിജന്‍ എന്ന ബൂര്‍ഷ കോണ്‍ഗ്രസുകാരന്‍ കേരളം എന്ന കൊച്ചു സംസ്ത്താനത്തില്‍ അങ്ങോളമിങ്ങോളം കോടികളുടെ ആസ്തികള്‍ നേടിയത്.
മുകളില്‍ പറഞ്ഞത് അഴിമതിയുടെ കറപുരണ്ട കഥയാണ്‌ എങ്കില്‍ ഇനി പറയാനുള്ളത് സത്യസന്ധനായ ഒരു മലയാളി പത്രപ്രവര്തകനെ പറ്റിയാണ്. സി എന്‍ എന്‍ - ഐ ബി എന്‍ ഇന്ത്യന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്‌ നേടിയ ശ്രീ . ഗോപികൃഷ്ണന്‍ എന്ന തലശ്ശേരിക്കാരന്‍, പയനീര്‍ പത്രത്തിന്റെ ലേഖകനായ ഇദേഹമാണ് 1.77 ലക്ഷം കോടിയുടെ 2 g സ്പെക്ട്രം ആദ്യമായി പുറത്തു കൊണ്ടുവരാന്‍ ധൈര്യം കാണിച്ചത്, മുപ്പതു കൊല്ലത്തെ ശമ്പളം ഒരുമിച്ചു നല്‍കാമെന്ന പ്രലോഭനത്തിന് മുന്നില്‍ തല കുനിക്കാതെ നിന്ന് സ്പെക്ട്രം അഴിമതിയുടെ പിന്നാമ്പുറ കഥകള്‍ നമ്മിലെക്കെതിച്ചത് ശ്രീ ഗോപികൃഷ്ണന്‍ എന്ന മലയാളിയുടെ തൂലികയാണ്‌. ഈ ചുരുളുകള്‍ ഓരോന്നായി ഗോപികൃഷ്ണന്‍ നിവര്തുമ്പോഴും അന്നത്തെ സുപ്രിം കോര്‍ട്ട് ചീഫ് ജസ്റ്റിസ്‌ ആയിരുന്ന ശ്രീ കെ ജി ബി രാജക്കെതിരെ ഒരു ചെറിയ കേസ് പോലും എടുക്കുവാന്‍ തയാറായില്ല. അതിന്റേതായ ഫോരങ്ങളെ സമീപിക്കുവാന്‍ പറഞ്ഞ തള്ളുകയായിരുന്നു കെ ജി ബി യുടെ നടപടി. ഗോപികൃഷ്ണന്‍ പറയുന്നത് ഇങ്ങിനെ " സ്പെക്ട്രം ഇടപാടില്‍ ഇടതു പാര്‍ട്ടികളും ജലളിത യുമോഴിച്ചു ഒട്ടുമിക്ക രാഷ്ട്രീയ പ്പാര്ട്ടികളും പണം വാങ്ങിയെന്നതാണ് സത്യം.. അഴിമതി നീതി ന്യായ വ്യവസ്ഥയുടെ തലപ്പത് വരെ എത്തി നില്‍ക്കുന്നു. അഴിമതി സര്‍വവ്യാപിയാണ് എന്ന സത്യത്തിനു ഈ സംഭവങ്ങള്‍ അടിവരയിടുന്നു. " ശ്രീ കെ ജി ബി അഴിമതിയുടെ ആള്‍രൂപമായി നമ്മുടെ ദിവസങ്ങളില്‍ നിറയുമ്പോള്‍ നമൂക്കു മലയാളി എന്ന നിലയില്‍ ശ്രീ ഗോപികൃഷ്ണന്‍ എന്ന സത്യസന്ധനായ പത്ര പ്രവര്‍ത്തകനെ ഓര്‍ത്തു അഭിമാനിക്കാം.
NB:(ഇതില്‍ ചേര്‍ത്തിരിക്കുന്ന വീഡിയോ എന്റെ സൃഷ്ടിയല്ല. ഇതിന്റെ ആധികാരികതയും പ്രഭവവസ്ഥാനവും യു ടൂബില്‍ നിക്ഷിപ്തമാണ്.)

തിറ കെട്ടിയാടുന്ന കോമരങ്ങള്‍


ഓം എന്ന പ്രണവ മന്ത്രത്തിന്റെ വക്താക്കള്‍ എന്നഭിമാനിക്കുന്ന, ബാബിലോണിയന്‍ സംസ്കാരവും ഈജിപ്ഷ്യന്‍ സംസ്കാരവും പോയി മറഞ്ഞിട്ടും മായാതെ നില്‍ക്കുന്ന ഒരു സംസ്കാരത്തിന്റെ പേരില്‍ ഊറ്റം കൊള്ളുന്ന ഇന്ത്യന്‍ ജനത, ഈ മഹാഭാരതത്തില്‍ തന്നെ 100% സാക്ഷരര്‍ എന്ന് അഭിമാനിക്കുന്ന നമ്മള്‍, കേരള ജനത നാണിച്ചു പോകുന്ന ( എല്ലാവരെയും ഞാനിതില്‍ പെടുത്തുന്നില്ല ) ഒരു പരസ്യമാണ് ഇത് എഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത്. ഒരു പ്രമുഖ മലയാള ദിനപത്രത്തില്‍ തുടര്‍ച്ചയായി വരുന്ന ഒരു ചെറിയ പരസ്യം. എന്നെ പോലെ നിങ്ങളും ശ്രദ്ധിച്ചു പോകുന്ന ഗ്ലാമറസ് മുഖമുള്ള ഒരു ആള്‍ ദൈവത്തിന്റെ പരസ്യം, ദക്ഷിണ ഇന്ത്യയിലെ ഒരു പ്രമുഖ ആള്‍ ദൈവത്തിന്റെ ചില്ലറ വില്‍പ്പനക്കാരനാണ് പോലും ഈ പരസ്യ ദൈവവും. മുഖം നോക്കി വിഷമതകളും പരിഹാരങ്ങളും ഇദ്ദേഹം നിര്‍ദേശിക്കും, ഭക്തരില്‍ പ്രസാദിച്ചാല്‍ വീട്ടില്‍ വന്നും പരിഹാരം കാണുവാന്‍ ഇദ്ദേഹം തയാര്‍. വീണ്ടും പത്രം ഒന്ന് മറിചാലോ, അതാ മറ്റൊരു ദൈവം! ഇദ്ദേഹം ശ്വാസത്തിന്റെ പേറ്റന്റ്‌ എടുത്ത കക്ഷി ആണത്രേ, ജീവന്‍ നില നിര്‍ത്തുവാന്‍ ശ്വാസം വലിച്ചേ പറ്റൂ എന്ന് ഏതു പട്ടിക്കും അറിയാവുന്ന കാര്യമാണ്( പട്ടികള്‍ ക്ഷമിക്കുക! എന്തിനും നിങ്ങളെ കൂട്ട് പിടിക്കുന്നത്‌ ഞങ്ങളുടെ ഒരു ശീലമായിപ്പോയി.) ഫീസ്‌ വച്ച് ശ്വാസം വിടുവാന്‍ പഠിപ്പിക്കുന്ന ഇദ്ദേഹം ലക്ഷക്കണക്കിന്‌ ഭക്തരുടെ സ്വന്തം ദൈവമാണ്, ശ്രീകൃഷ്ണന്റെ അവതാരമാണ് ഇദ്ദേഹം എന്നാണ് ഭക്തരുടെ വിശ്വാസം. വീണ്ടും പേജൊന്നു മറിക്കാം, എന്റെ ദൈവമേ! സ്വര്‍ഗീയമഴ പെയ്യുന്നു അത്രേ തിരുനക്കര മൈതാനത്. രോഗശാന്തി നല്‍കുന്നതില്‍ മഴക്കാരന്‍ മിടുമിടുക്കനാണ് പോലും(ഇത് എന്റെ അഭിപ്രായമല്ല.......), ആ പേജില്‍ തന്നെ താഴത്തെ ചെറിയ കോളത്തില്‍ ആത്മമാരി. കണ്ടപ്പോള്‍ കോരിത്തരിച്ചു പോയി, പലതരം മഴകളും ഞാന്‍ എന്റെ ഈപ്രായം വരെ കണ്ടിട്ടുണ്ട്, പക്ഷെ ഇത് എന്താണ് ആവോ? ആത്മാവുകള്‍ പെയ്യുന്നത് കൊള്ളാം, ഇപ്പോള്‍ തന്നെ ജനസംഖ്യ കൊണ്ട് വീര്‍പ്പു മുട്ടുന്ന ഈ കേരളത്തില്‍ ഇനി എന്ത് ചെയ്യും? ആത്മാവുകളും പാവം മനുഷ്യരും പിന്നെ മൃഗങ്ങളും കൂടി, ആകെ ഒരു വീര്‍പ്പുമുട്ടലായിരിക്കും! മുന്‍പേജില്‍ അതാ ഒരു അമ്മദൈവം, മനുഷ്യന്റെ വേദനകളെ തുടച്ചു മാറ്റുവാന്‍ കഴിയാതെ വരുമ്പോള്‍ സ്വന്തം ആശുപത്രിയില്‍ തന്നെ ചികിത്സിച്ചു വന്‍തുക ചിലവാണ്‌ എന്ന് ധരിപ്പിച്ചു അതില്‍നിന്നും കിട്ടാനുള്ളത് ഊറ്റിയെടുത്തു സ്വന്തം ചാനലില്‍ പരസ്യം ചെയ്യിക്കുന്ന ഒരു അമ്മ. വിദ്യാഭ്യാസ കച്ചവട സ്ഥാപനങ്ങള്‍ ഈ ദൈവത്തിന്റെ ഒരു സേവന മാര്‍ഗമാണ്. പഠിക്കുവാന്‍ സാധാരണക്കാരന് അവകാശമില്ലാത്ത സ്ഥാപനങ്ങള്‍, കാരണം വന്‍ തുകയാണ് ഫീസ്‌ വാങ്ങുന്നത്. ബോറടിക്കുന്നുണ്ടാവാം, ക്ഷമിക്കുക, ഞാന്‍ പൊതുകാര്യങ്ങള്‍ പറഞ്ഞു എന്നെ ഉള്ളൂ.
മുകളില്‍ പറഞ്ഞ എല്ലാ ദൈവങ്ങള്‍ക്കും പൊതുവായ ഒരു സ്വഭാവം സംപാദ്യശീലമാണ്, വിശ്വാസികളുടെ പള്ളി എന്ന പേരിലുള്ള ഒരു സ്ഥാപന മേധാവിക്ക് ഉള്ളത് കോടികളുടെ ആസ്തി. ആശ്രമാങ്ങളുടെ പേരില്‍ വിദേശത്ത് നിന്നും ഒഴുകുന്നത്‌ കോടികള്‍! ഇന്ത്യന്‍ പ്രസിഡന്റിനെ തുണി ഉരിയുന്ന അമേരിക്കന്‍ പോലിസ് ഈ ദൈവങ്ങള്‍ക്ക് വേണ്ടി എയരപോര്ടുകള്‍ തുറന്നിടുന്നു. ആത്മീയതയുടെ ഒരു ഗുണം! ഇടതുപക്ഷം അധികാരത്തില്‍ വന്നപ്പോള്‍ എങ്കിലും ഇത്തരം ചൂഷകരുടെ മുഖം മൂടി പിച്ചി ചീന്തും എന്നായിരുന്നു എന്റെ വിചാരം, പക്ഷെ പേരിനു മാത്രം ഒരു സന്തോഷ്‌ മാധവനെയും മറ്റും മാത്രം. ഇവരെല്ലാം ഒരു ചങ്ങലയിലെ കണ്ണികള്‍ എന്ന് നമുക്ക് എല്ലാവര്ക്കും അറിയാവുന്നതാണ്, 100% സാക്ഷരതയുടെ പേരില്‍ അഭിമാനിക്കുന്ന മലയാളി ആയ എന്നെ പ്പോലെ ഉള്ള സുഹൃത്തുക്കള്‍ ഇത്തരം ചൂഷണങ്ങള്‍ക്ക് വിധേയരാവതിരിക്കുവാന്‍ ഈ ലേഖനം ഒരു പ്രചോദനം ആവില്ല എന്നറിയാം, എങ്കിലും ഒരു ചിന്തക്ക് തുടക്കമിടാന്‍ ആയി എങ്കില്‍ ഞാന്‍ കൃതാര്‍ഥനായി. കൂടുതല്‍ എഴുതുവാന്‍ മനസ്സ് പറയുന്നു എങ്കിലും കൈ വഴങ്ങുന്നില്ല, ക്ഷമിക്കുക