ഈ ബ്ലോഗ് തിരയൂ

2011 ഡിസംബർ 6, ചൊവ്വാഴ്ച

കുറേ താരങ്ങളും ബുദ്ധിജീവികളും, പിന്നെ പാവം മനുഷ്യരും.....


                                   മുല്ലപ്പെരിയാര്‍ ആശങ്കകള്‍ ആളിപ്പടരുന്ന  പ്രതിഷേധമായി കേരളത്തില്‍ അങ്ങോളം ഇങ്ങോളം ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. രാഷ്ട്രീയക്കാരന്റെ പൊറാട്ട് നാടകങ്ങള്‍ ഉപവാസം, നിരാഹാരം പിന്നെ ചങ്ങല എന്നപേരിലെല്ലാം അരങ്ങു കൊഴുപ്പിക്കുന്നു എങ്കിലും, സാധാരണക്കാരന്റെ ഉറക്കം കളഞ്ഞ രാവുകള്‍, മാധ്യമങ്ങള്‍ അവനു സമ്മാനിച്ച പേക്കിനാവുകള്‍, രാത്രിയില്‍ സ്വന്തം കുഞ്ഞുങ്ങളെ അടക്കിപ്പിടിച്ചു വെളിയിലേക്ക് ഓടിയിറങ്ങി മരണത്തിന്റെ ഇരമ്പലിനായി കാതോര്‍ക്കുന്ന അമ്മമാരുടെ ചുടുനിശ്വാസങ്ങള്‍, ഇവ അവസാനിക്കുന്നില്ല. വള്ളക്കടവിലും, ചപ്പാതിലും ഉപ്പുതറയിലും ആരും കാണാതെ പോയ ഒരു പ്രതിഷേധത്തിന്റെ ദിനങ്ങള്‍ ഉണ്ടായിരുന്നു, 1868 ദിവസങ്ങള്‍, ഒരു രാഷ്ട്രീയക്കാരന്റെയും പിന്തുണ പറ്റാതെ, കമ്പ്യൂട്ടര്‍ വലയന്മാരുടെ കമന്റ്‌ ഇല്ലാതെ അവര്‍ നടത്തിയ ഒരു സമരം, അന്ന് ആരും, ഈ വി.എസോ, ഉമ്മന്‍ ചാണ്ടിയോ, മാണി സാറോ കാണുവാന്‍ ശ്രമിച്ചില്ല. ഒരു മത മേലാളന്മാരും അവര്‍ക്ക് സ്തുതി പാടിയില്ല. ഇന്ന് എന്തിന്റെ പേരില്‍ ആയാലും എല്ലാവരെയും കാണുമ്പോള്‍ ആ മുഖങ്ങളില്‍ നിറയുന്നത് പരിഹാസ്യം നിറഞ്ഞ ചിരി മാത്രം. ജീവന് വേണ്ടിയുള്ള അവസാനത്തെ കേഴല്‍ മാത്രമായി ആ ചിരി പടരുമ്പോള്‍, അവര്‍ സ്വയം പ്രതിരോധിക്കുവാന്‍ തയ്യാറെടുക്കുന്നു. ഇന്ന് അവര്‍ക്ക് ഞാനുള്‍പ്പെടെയുള്ള പൊതു സമൂഹം നല്‍കിയിരിക്കുന്ന പിന്തുണയെ അവര്‍ തള്ളിപ്പറയുന്നില്ല. എങ്കിലും അവര്‍ സ്വയം തീര്‍ത്ത അല്ലെങ്കില്‍ തീര്‍ക്കുന്ന പ്രതിരോധം ആയുധം എടുക്കുമ്പോള്‍ തീര്‍ത്തും ക്രമസമാധാന പ്രശ്നം ആകുന്നു താനും, ഇന്നലെ കുമളിയില്‍ കണ്ടത് ഇത്തരം പ്രതിഷേധം ആണ്. ഒരു ജനത, അവനു സംരക്ഷണം നല്‍കേണ്ട ഒരു സര്‍ക്കാരില്‍ നിന്നും  പ്രതീക്ഷിക്കുന്ന സുരക്ഷ ലഭിക്കില്ല എന്ന് തീര്‍ത്തു ബോധ്യമാവുംപോള്‍, നിലനില്‍പ്പിനായി ആയുധമേന്തും എന്ന കാഴ്ച! കടിക്കാത്ത പട്ടിയെ കടിപ്പിച്ചേ അടങ്ങൂ എന്ന് വച്ചാലോ? ഈ വഴികളില്‍ ഞാന്‍ ഇന്നലെ നടത്തിയ യാത്രകളില്‍ നിന്നും എനിക്ക് കിട്ടിയ അനുഭവം മാത്രം ആണ് ഇത്.
                                പൊതു സമൂഹത്തിന്റെ സമരോല്സുകതയെ ഞാന്‍ വാനോളം പുകഴ്ത്തുന്നു. വ്യക്തിപരമായി രാഷ്ട്രീയക്കാര്‍ നടത്തുന്ന സമരങ്ങളെ ഇകഴ്തുന്നും ഇല്ല. വ്യത്യസ്തമായി ശ്രദ്ദയില്പ്പെട്ട ഒന്ന് മാത്രം പറയാം. ഈ സമരത്തിലെ സാമ്സ്ക്കാരീക നായകന്മാരുടെ ഭീമമായ പങ്ക്. ശ്വാസം വിട്ടു പണമുണ്ടാക്കുന്ന ഗുരുക്കന്മാരുടെ പങ്ക്, അടക്കിപിടിച്ചു ദുഖം മാറ്റുന്ന അമ്മദൈവങ്ങളുടെ പങ്ക്, ഉച്ചത്തില്‍ വിളിച്ചു കൂവി ദൈവത്തിനു പോലും ഇരിക്ക പൊറുതി കൊടുക്കാത്ത സഹോദരന്മാരുടെ പങ്ക്, സത്യം ഈ പിന്തുണ ഭയങ്കരം!  

                                മലയാളത്തിലെ എണ്ണം പറഞ്ഞ രണ്ടു താരങ്ങള്‍, താരങ്ങള്‍ എന്ന് വിളിച്ചാല്‍ കുറച്ചിലാകും, അതിന്മേലെയാണ് അവരുടെ സ്ഥാനം എന്ന് വെയ്പ്പ്! പാശ്ചാത്യ രാജ്യങ്ങളില്‍ സാംസ്കാരീക നായകന്മാര്‍ എന്ന ഗണത്തില്‍ പെടുന്നവരുടെ നായകത്വത്തില്‍ ആകും ജനകീയ മുന്നേറ്റങ്ങള്‍, എന്തിനു, ഇന്ത്യയില്‍ വരെ, അങ്ങ് ബെന്ഗാളില്‍, മഹാശ്വേതാ ദേവിയല്ലേ സിന്ഗൂര്‍ സമരം പോലിപ്പിച്ചത്! ഇവിടെ ഈ കേരളത്തില്‍ മുല്ലപ്പെരിയാര്‍ എന്ന ഒരു ഡാം ഉണ്ടോ എന്ന് ആശ്ചര്യം കൂറുകയാണ് നമ്മുടെ പ്രിയങ്കരായ മമ്മൂട്ടിയും മോഹന്‍ലാലും! പിന്നെ ഞാന്‍ പറഞ്ഞ ഗണത്തില്‍ പെട്ട ദൈവങ്ങളും, അക്ഷര പിശാചുകളും. ജനകീയവല്‍ക്കരിക്കപ്പെട്ട ഒരു കല എന്ന അര്‍ത്ഥത്തില്‍ നടന്മാര്‍ ഈ സമരത്തിലേക്ക് വന്നിരുന്നു എങ്കില്‍ എന്ന് ഞാന്‍ വെറുതെ ആഗ്രഹിച്ചു പോയി! ഇന്‍കം ടാക്സ് അധികൃതര്‍ കയറി മേഞ്ഞപ്പോള്‍, ഇവരുടെ ഫാന്‍സ്‌ എന്ന് പറയുന്ന വര്‍ഗത്തിന് നൊന്തു. എന്തൊരു ബഹളമായിരുന്നു? ഇപ്പോള്‍ ഈ ഫാന്‍സും നായകന്മാരും എവിടെയാണോ എന്തോ? ഇന്നലെ സിനിമാക്കാര്‍ എല്ലാവരും കൂടി ദീപം തെളിയിച്ചു ശപഥം ചെയ്തപ്പോളും ഈ പറഞ്ഞ മഹാന്മാര്‍ എവിടെപ്പോയി എന്നത് ഒരു സാധാരണക്കാരന്റെ സംശയം. ഇവര്‍ക്കെന്തേ പേടിയാണോ തമിഴന്മാരെ? ഓഷോയെ കുറിച്ച്  പുസ്തകം എഴുതുന്ന മോഹന്‍ലാലിനു മുല്ലപ്പെരിയാര്‍ ഒരു സ്വാധീനം ആയില്ല എന്നുണ്ടോ! മികച്ച ക്യമെരകളില്‍ മികച്ച ചിത്രം എടുക്കുന്ന മമ്മൂട്ടിക്ക് ഇതൊരു നല്ല ഫ്രെയിം അല്ല എന്ന് തോന്നിയോ! എന്തായാലും ഈ നിശബ്ദത ഒരു കാരണവശാലും മലയാളി അംഗീകരിച്ചു തരില്ല താരങ്ങളെ.!!! 

                                പ്രകൃതിയെ തൊട്ടു കളിച്ചാല്‍ അവിടെയുണ്ട് മേധാ! കൂട്ടിനു അരുന്ദതിയും, പക്ഷെ മനുഷ്യ ജീവന്റെ ആശങ്കക്ക് ഇവര്‍ക്കും ശങ്കയില്ല! എന്താ ഇപ്പോള്‍ ഇതിങ്ങനെ? എത്ര ആലോചിച്ചിട്ടും പിടി കിട്ടാത്ത വിഷയം. കാശ്മീരിലെ ചൂഷണം  ചെയ്യപ്പെടുന്ന പെന്കിടാങ്ങല്‍ക്കുവേണ്ടി കണ്ണുനീര്‍ തൂകുന്ന അരുന്ധതി, ചപ്പാതിലെ മൂക്കില്‍ നിന്നും സ്രവം തൂകുന്ന അര്‍ദ്ധവസ്ത്രക്കാരായ കുഞ്ഞുങ്ങളെ കണ്ടില്ലെന്നു വരുമോ? കൂടംകുളത്തെ സമരത്തിന്‌ ഐക്യദാര്‍ത്യം പ്രഖ്യാപിച്ച മേധാ പട്കര്‍ ഇവിടെയില്ലേ? ഇവര്‍ക്കൊക്കെ ആരോടാണ് സ്നേഹം? ഇവര്‍ക്കൊക്കെ എന്തിനോടാണ്‌ ഐക്യദാര്‍ത്യം? തൊലി വെളുപ്പുള്ള കാഷ്മീരികള്‍ മാത്രം ആണോ ഇവര്കൂ മനുഷ്യര്‍ ആയുള്ളതു? അല്ലെങ്കില്‍ സ്കൂളിന്റെ പടി കാണാത്ത നോര്‍ത്ത് ഇന്ത്യന്‍ ഗ്രാമീണര്‍ മാത്രമാണോ മനുഷ്യര്‍? ഇതിനുത്തരം ഇതാകാം! നേരാ!!! അരുന്ധതി മലയാളി സ്കൂളില്‍ പോയിട്ടുണ്ട്.....നിങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ആ ബൌദ്ധികത ഉണ്ടല്ലോ, അതിനു നേരെ ഞങ്ങള്‍ ഈ മലയാളികള്‍ കാര്‍ക്കിച്ചു തുപ്പി പോകുന്നു.
                           ആഹാ, അടുത്ത വര്‍ഗം. ദൈവങ്ങള്‍, അല്ലെങ്കില്‍ ആ സ്ഥാനത്തേക്ക് സ്വയം അവരോധിച്ചവര്‍. " മക്കളെ നിങ്ങള്‍ സ്വസ്ഥരാകൂ ഭൂമി കുലുങ്ങട്ടെ, ഒക്കെ ഇല്ലാതാവട്ടെ, അപ്പോള്‍ നിങ്ങള്ക്ക് ഞാന്‍, അല്ലെങ്കില്‍ ഞങ്ങള്‍ യൂറോപ്പില്‍ നിന്നും സംഭാവന വരുന്ന മുറക്ക് വീടുകള്‍ വച്ച് തരില്ലേ, സമാധാനം ആയില്ലേ!" പ്രാര്‍ഥനാ യോഗങ്ങളുടെ പേരിലും, ചാരിറ്റി എന്ന കള്ളപ്പേരിലും ഇവര്‍ നടത്തുന്ന വ്യവസായത്തോട് ഇന്നേ വരെ മലയാളി അതൃപ്തി പ്രകടിപ്പിച്ചിട്ടില്ല, എന്നാല്‍ മുകളില്‍ ഞങ്ങള്‍ നല്‍കിയ സമ്മാനം ചിലപ്പോള്‍ നിങ്ങള്‍ക്കും കിട്ടിയേക്കാം!
                          എന്ത് എഴുതിയാലും പറഞ്ഞാലും ഫലമില്ല! എന്ന് അറിയുകയും ചെയ്യാം, എങ്കിലും ഒരു മലയാളി, എല്ലാം സഹിക്കേണ്ടി വരുന്ന, പ്രത്യേകിച്ച് മുകളില്‍ പറഞ്ഞ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ഒക്കെയാകുംപോള്‍ എഴുതിപ്പോകുന്നതാണ് , ക്ഷമിക്കുക!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ